ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്യു യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കേ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ളവരും ഹാളിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതായി പരാതി.
ആക്രമണത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെയും രണ്ടു കെഎസ്യു പ്രവർത്തകരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാദിന്റെ കാർ ആക്രമിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്.
ഇന്നലെ ഉച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിനു മുന്നോടിയായാണ് കെഎസ്യു യൂണിറ്റ് കൺവെൻഷൻ വിളിച്ചുചേർത്തത്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരും ഹാളിൽ കയറി കെഎസ്യു പ്രവർത്തകരായ അതുൽ റാം, റാസിക് എന്നിവരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ജവാദിനെ ആക്രമിച്ചത്. സ്കൂളിനു സമീപത്തെ മസ്ജിദിലേക്ക് കയറാൻ ശ്രമിച്ച ജവാദിനെ പിന്തുടർന്നെത്തിയ സംഘം അവിടെവച്ചും മർദിച്ചതായി പരാതിയുണ്ട്. ഇതോടൊപ്പമാണ് കാറിന്റെ ഗ്ലാസ് തകർക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു തകർക്കുകയും ചെയ്തത്.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാർ എന്നിവരടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി പ്രവർത്തകരെ സന്ദർശിച്ചു. നീലേശ്വരം പൊലിസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.